Wednesday, October 13, 2021

VELLIMADUKUNNU

 എന്റെ നാടിന്റെ പഴയ കാഴ്ചൾക്കു മീതെ ജെ.സി.ബി.കരങ്ങൾ നീണ്ടു തുടങ്ങി റോഡ് വീതികൂട്ടുമ്പോൾ പൊളിച്ചുമാറ്റപെടുന്നത് പഴയ ഓർമകളുടെ തുരുത്തുകളാണ്. 

നിറയെ ഓർമകളാണ് ഓരോ പീടികമുറികളിലുമുള്ളത്.


 അച്ചൂന്റെ പീടികയിൽ പോയി ആ ചെയിൻ ഒന്ന് വിളക്കി കൊണ്ടുവരൂ എന്നമ്മ പറയുമ്പോൾ കാഞ്ഞിരത്തിങ്കലിലെ തട്ടാൻ അചൂന്റെ കട മനസ്സിൽ തെളിയും, 

അബുക്കാന്റെ കട ഒരു സൂപ്പർ മാർക്കറ്റ് ആയിരുന്നു ഉപ്പു തൊട്ട് കർപ്പൂരം വരെയുള്ള എല്ലാ സാധനങ്ങളും വിൽക്കുന്ന കട. അശോകേട്ടന്റെ ഹോട്ടൽ,

 പണ്ട് മാലൂർകുന്നിൽ ക്രിക്കറ്റ് മാച് കളിയ്ക്കാൻ പോകുമ്പോൾ ചില്ലറ നുള്ളി ഒപ്പിച്ചു രണ്ടു പൊറാട്ട മേടിക്കും പിന്നെ ഓസിനൊരു സാൽന, അശോകേട്ടന്റെ ഹോട്ടലും, അബുക്കാന്റെ പീടികയും ഒക്കെ പുതിയ കെട്ടിടങ്ങളിൽ തിരിച്ചു വരും പക്ഷെ നിരയിട്ടു വച്ചിരുന്ന ആ പഴയ പീടികമുറികളിൽ ഒരുപാട് ഓർമ്മകൾ ഉണ്ടായിരുന്നു. . 


ഹോട്ട് ബൺസ് ബേക്കറി ഇന്ന് കാണുന്നതുപോലെ ആയിരുന്നില്ല അവർക്കു മാത്രമായിരുന്നു വെള്ളിമാടുകുന്നിൽ പടക്ക ലൈസെൻസ് ഉണ്ടായിരുന്നത്,വിഷു തലേന്ന് നേരത്തെ വരുന്ന അച്ഛനെ കാത്തിരുന്നു അച്ഛനുമൊത്ത് അവിടെ പോയായിരുന്നു പടക്കങ്ങൾ മേടിക്കുക. ഇപ്പോൾ അതൊരു ബേക്കറി മാത്രമായി. .പഴയതിൽ നിന്നും പുതിയതാകുമ്പോൾ പലതും മാറും എന്നതിന്റെ സൂചനയായി പറഞ്ഞെന്നുമാത്രം. 

ചന്ദ്രേട്ടന്റെ മസാലക്കടയും, അബ്‌ദുള്ള സ്റ്റോറും, ആലിക്കാന്റെ മീൻപീടികയും, കോയാസിന്റെ സൈക്കിൾ കടയും, ദേവേട്ടന്റെ ഹോട്ടലിന്റെ ഒരുഭാഗവും, പഴയ കെട്ടിടങ്ങളിൽ പ്രവർത്തിച്ചു വരുന്ന കോഴിക്കടകളുമെല്ലാം വിസ്‌മൃതിയിലേക്കു മറയുകയാണ്.


എന്റെ ബാല്യത്തിലെ വസ്ത്ര സങ്കല്പങ്ങൾ പൂർണമായും അബ്‌ദുള്ള സ്റ്റോറിൽ അടയിരുന്നു, അച്ഛന്റെ പറ്റുപുസ്തകത്തിലെ തൂക്കം നോക്കി അബദുക്ക ഞങ്ങളുടെ കുടുംബത്തിന്റെ വസ്ത്ര സങ്കൽപ്പങ്ങൾക്ക് നിറം ചാർത്തി. പീച്ചം വിടുന്നവരെ അബദുക്കയുടെ കട ആയിരുന്നു ഞങ്ങളുടെ വസ്ത്രവൈവിധ്യങ്ങളെ പൂർത്തീകരിച്ചിരുന്നത്.


ആലിയാപ്ല യുടെ പീട്യയിൽ നിന്നും മസാല സാധനങ്ങൾ മേടിക്കുവാൻ ചേച്ചിമാർക്കൊപ്പം പോകുന്നത് ഓർക്കുന്നു ആലിയാപ്ലയിൽ നിന്നും മകൻ കുഞ്ഞികമ്മു ൻറെ കടയായി ഇപ്പോൾ മാറി, 


ഗോപാലേട്ടന്റെ ചായപ്പീടിക ഇപ്പോഴുമുണ്ട് പൊളിച്ചുപോകുമ്പോൾ ആ ഹോട്ടൽ പുതിയരൂപത്തിൽ പുനർജനി നേടുമോ എന്നറിയില്ല. 


കുറച്ചുകാലം മുൻപുവരെ ലോനപ്പേട്ടന്റെ ബാർബർ ഷാപ്പ് ഉണ്ടായിരുന്നു, പഴകി ദ്രവിച്ച കെട്ടിടത്തിന്റെ മേൽക്കൂര പൊളിഞ്ഞു വീണിട്ടും മേൽക്കൂരയില്ലാത്ത ഒറ്റമുറിപ്പീടികയിൽ ലോനപ്പേട്ടൻ പൊട്ടിപ്പോയ കണ്ണാടി ചുവരിൽ തൂക്കി തന്നെ തേടിയെത്തുന്ന ആളുകൾക്ക്‌ സൂര്യനെ സാക്ഷിനിർത്തി ക്ഷുരകവൃത്തി ചെയ്തിരുന്നു ഇപ്പോൾ അവിടെ കുറെ മൺകൂനകൾ മാത്രം, പഴയ രാജേട്ടന്റെ സൈക്കിൾ ഷാപ്പും, മൂപ്പന്റെ പച്ചക്കറി പീടികയും ഒക്കെ വിസ്‌മൃതിയിലായിട്ടു നാളുകൾ ഏറെയായി, 

ഞങ്ങളുടെ നാട്ടിൽ കുറച്ചു ഉഷാറായി ഒരു കോഴിക്കച്ചോടം തുടങ്ങിയത് ഹംസാക്കാ ആയിരുന്നു, അയാളുടെ khk ചിക്കൻ സ്റ്റാൾ തുറന്നതിൽ പിന്നെയാണ് മാലൂർകുന്നിലെ പാറാടൻ കമ്പനിയിലെ കോഴി ഫാമിൽ നിന്നും കൊഴിവാങ്ങിശീലിച്ചവരൊക്കെ  വെള്ളിമാടുകുന്നിലേക്കു കോഴിയെ തേടി ചെന്നത്.

പിന്നീട് ptr ചിക്കൻ സ്റ്റാൾ ഷെമീറിലൂടെ ഷെബീറിലേക്കു കൈമാറ്റം ചെയ്യപ്പെട്ടു അതുമൊക്കെ പൊളിച്ചുപോകുന്ന കടകളുടെ പട്ടികയിൽ ഇടംപിടിച്ചവയാണ്. . 





നാളെ രാജപാതകൾ പുതിയ ചരിത്രം രചിക്കുമ്പോൾ ഓർമയിൽ പോലും ഒരുപക്ഷെ ഈ പീടികമുറികൾ ഒന്നും തന്നെ ഉണ്ടായെന്നുവരില്ല. . 

കുഴിച്ചുമൂടപ്പെടുന്ന തിരുശേഷിപ്പുകൾ തേടി തേടി നാളെ ഏതെങ്കിലുമൊരു ചരിത്രകുതുകി കുഴിമാന്തിയെടുക്കുവാൻ തുനിഞ്ഞാൽ ഓര്മിക്കുവാൻ വേണ്ടി മാത്രമീ പോസ്റ്റ്. . ഫോടോസിന് കടപ്പാട് Muhammad Basheer Nt




ചെമ്പക മരം

 നിങ്ങളിൽ എത്ര പേർ ഈ ചെമ്പകമരത്തെ ഒരു നേരമെങ്കിലും നോക്കിയിട്ടുണ്ട് ? 


പണ്ട് പണ്ട് ഓന്തുകൾക്കും ദിനോസോറുകൾക്കും മുൻപൊന്നുമല്ല എൻറെ കുട്ടികാലത്ത് 

മൂഴിക്കലിലെ 'അമ്മ വീട്ടിലേക്കു നടന്നു പോകുകയായിരുന്നു പതിവ്, ഒന്നര  കിലോമീറ്റർ ദൂരത്തേക്ക് പലപ്പോഴും അച്ഛനൊപ്പം കൈപിടിച്ച് റോഡിൻറെ ഇടതുവശം ചേർന്നാണ് നടത്തം മൂഴിക്കലെത്തിയാൽ പിന്നെ റോഡ് മുറിച്ചു കടക്കേണ്ടല്ലോ എന്നുപറഞ്ഞായിരുന്നു വെള്ളിമാടുകുന്നിൽ നിന്നേ ഇടത്തോട്ടു ചേർന്ന് നടക്കുന്നത്. പലപ്പോഴും സന്ധ്യാ സമയങ്ങളിൽ സൂര്യൻ അസ്തമിക്കുന്നതിനു തൊട്ടുമുമ്പേ ഒക്കെയാണ് യാത്ര ഉണ്ടാകാറുള്ളത്.

പോകുന്ന വഴിനീളെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടായിരുന്നു എന്റെ നടപ്പു ശീലം. തപ്പാലാപ്പീസിനും ജെ.ഡി.റ്റി ക്കും ഇടയിലായി വളഞ്ഞു നിൽക്കുന്നൊരു ചെമ്പകമരമുണ്ട് അതിനടുത്തെത്തുമ്പോൾ എപ്പോഴും കൗതുകത്തോടെ  ആ മരം നോക്കിയാണ് പോകാറുള്ളത്, കണ്ണിൽ നിന്നും മറയുന്നതു വരെ ചെമ്പകമരത്തെ തിരിഞ്ഞു നോക്കി നോക്കി അങ്ങനെ നടന്നുപോകുന്നതായിരുന്നു എന്റെ ശീലം. . എന്തായിരുന്നു ആ ചെമ്പകമരം ബാല്യത്തിലെ എന്നെ വിസ്മയിപ്പിച്ചത് എന്നുള്ളത് ഇന്നുമറിയില്ല എങ്കിലും ആ വടവൃക്ഷംപോലെ തോന്നിക്കുന്ന ചെമ്പകമരത്തിൽ കണ്ണുപതിപ്പിക്കാതെ കടന്നുപോയിട്ടില്ല ഞാനൊരു യാത്രയും,

ഒരിക്കൽ അച്ഛനോട് ചോദിച്ചു ഈ ചെമ്പകമരം അച്ഛൻ എപ്പോഴാണ് കാണുന്നത് എന്ന് അച്ഛന്റെ മറുപടി കൂടുതൽ കൗതുകം തന്നു എനിക്കോര്മയുള്ള കാലം മുതൽ ആ ചെമ്പകം അവിടെ ഉണ്ടെന്നായിരുന്നു അച്ഛൻ തന്ന മറുപടി. . 

സന്ധ്യയിൽ അച്ഛന്റെ മറുപടിയിൽ ഞാൻ ചെമ്പകത്തെ നോക്കി അസ്തമനസൂര്യന്റെ ചുവപ്പ് വർണത്തിൽചെമ്പകപ്പൂക്കൾകൂടുതൽഅരുണിമയോടെ എന്നെ നോക്കി ചിരിച്ചു. . .

പൂത്തു നിൽക്കുന്ന ചെമ്പകത്തിനു ചോട്ടിലൂടെ നടക്കുമ്പോൾ നമ്മുടെ മൂക്കിലേക്ക് ചെമ്പകമണം ഇഴഞ്ഞു കയറും 

ചെമ്പകത്തിന്റെ മണം അതൊരു വല്ലാത്ത സുഗന്ധമാണ്. 

അതിനെത്ര പ്രായമായിട്ടുണ്ടാകും ? ഏതെല്ലാം ചരിത്ര ഗതി -വിഗതികളെ അത് കണ്ടിരിക്കും ? 

എത്രപേരുടെ തണലായി ആ വഴിയോരത്തു  ചെമ്പകം പൂത്തു നിന്നിട്ടുണ്ടാകും. . ?


അച്ഛാ ചെമ്പകത്തിനെത്ര വയസ്സായിട്ടുണ്ടാകുമെന്ന ബാല്യത്തിലെ ചോദ്യം ഇപ്പോഴും ചോദിച്ചു കൊണ്ടിരിക്കയാണ്. . 

അച്ഛനെക്കാൾ പ്രായം കൂടിയവർക്കൊക്കെ പറയാനുള്ളതും ചെമ്പകത്തെ കണ്ടനാൾ മുതൽ ഇങ്ങനെ തന്നെ ആണെന്നാണ്. . 


റോഡ് വികസിക്കുമ്പോൾ ഈ ചെമ്പകവും ഓർമ്മയാകും ഇന്നലെ ചെമ്പകത്തെ തേടി ഞാൻ പോയി . . . 

കുറെ കാലത്തിനു ശേഷം സൂക്ഷ്മമായി ഞാൻ ചെമ്പകത്തെ നോക്കി നിന്നു. ഇപ്പോൾ jdt ക്യാമ്പസിലെ വിദ്യാർത്ഥികൾ വാഹനങ്ങൾ പാർക്ക് ചെയ്യുകയാണ് ആ മരത്തിനു ചുറ്റും. . 

പ്രായം വല്ലാതെ കൂടിയിട്ടുണ്ട് ചെമ്പകത്തിനിപ്പോൾ ശിഖരങ്ങൾ എല്ലാം ജട വന്നു തൂങ്ങിയിരിക്കുന്നു. . 

ആൽമരത്തിൽ കാണുന്നപോലെ വേരുകൾ ഒക്കെ തൂങ്ങുന്ന പോലെ അത് പിളർന്നു നിൽക്കുന്നു. . 

യാത്രാമൊഴി ചൊല്ലുവാൻ സമയമായിട്ടും 

ചെമ്പകം ഇപ്പോഴും വിടപറയാതെ പുതിയ തലമുറകൾക്കും തണലായി നിൽക്കുന്നു. . 

മുറിച്ചു മാറ്റപെടുന്നത് ഒരു വലിയ കാലഘട്ടത്തിന്റെ ശേഷിപ്പിനെ ആണ് ആരുടെ എങ്കിലുമൊക്കെ ഓർമകളിൽ ഇടം നേടിയ ഒരു വൃക്ഷത്തെ ആണ്. . .

വികസനം വരുമ്പോൾ എന്ത് വൃക്ഷം എന്നതിനപ്പുറം ഓർമകളെ കൊന്നുകളയാൻ നമുക്കെളുപ്പമല്ലല്ലോ. . 

ഇപ്പോഴും ചോദിച്ചു കൊണ്ടേയിരിക്കുന്നു അതെപ്പോഴായിരിക്കും അവിടെ മുളച്ചിരുന്നത്. . 

അച്ഛാ ചെമ്പകത്തിനെത്ര വയസ്സായിരിക്കും. . . ?


ചിരുത തള്ള

 ഇത് ചിരുത, അല്ലെങ്കിൽ ചിരുത തള്ള

എനിക്കോർമ്മ വച്ച നാൾമുതൽ ചിരുതക്കു ഈ രൂപമാണ് ഈ പ്രായവുമാണ്. . 

വെള്ളിമാടുകുന്നുമായി ബന്ധപെടുന്നവർ ഒരിക്കലെങ്കിലും ഇവരെ കാണാതെ പോയിരിക്കില്ല, 





കുട്ടിക്കാലത്തു ഓടമുള വെട്ടി ഉണ്ടാക്കിയ കുട്ടയുമായി വീടുകളിൽ കയറി ഇറങ്ങി വില്പന നടത്തുന്ന ചിരുത തള്ളയെ കാണുമ്പോൾ എനിക്ക് പേടിയായിരുന്നു, പിന്നീട് ആ പേടി കൂടിയത് വെള്ളിമാടുകുന്നു നിർമൽ സ്റ്റുഡിയോയുടെ കണ്ണാടിച്ചില്ലിൽ പെൻസിൽ ഡ്രോയിങ് ആയി രണ്ടു ചിത്രങ്ങൾ ആ സ്റ്റുഡിയോ യുടെ പൂമുഖത്തു തന്നെ ഉണ്ടായിരുന്നു, ചിരുതക്കൊപ്പം വരച്ചു വച്ച ചിത്രം ഭ്രാന്തി നാരായണിയുടേതായിരുന്നു നാരായണി മണ്ണ് തിന്നുമായിരുന്നു എപ്പോഴും മുഷിഞ്ഞ വസ്ത്രങ്ങളുമിട്ടു കയ്യിലൊരു ചെങ്കൽ കഷണവുമായി നാരായണി അങ്ങാടിയിലൂടെ നടക്കും, ആ നടത്തത്തിൽ അവർ ഉറക്കെപ്പാട്ടുപാടും, പലപ്പോഴും അവരോടു സല്ലപിച്ചുകൊണ്ടു ചിരുതയും ഉണ്ടാകുമായിരുന്നു,വെള്ളിമാടുകുന്നിൽ നിർമല ആശുപതിക്കു സമീപമായാണു നിർമൽ സ്റ്റുഡിയോ 

അതിപ്പോൾ സജീവമല്ലാതായി,


 കുട്ടികാലത്ത് എനിക്ക് ഇടയ്ക്കിടയ്ക്ക് വരുന്ന ആസ്തമ രോഗത്തിന് ചികിത്സതേടി നുംമ്പ്ര കാവ്  ചുറ്റിയാണ് ചേച്ചിക്കൊപ്പം നിര്മലയിലേക്കു യാത്രപോയിരുന്നത്. കാൽനടയാത്രയിൽ വെള്ളിമാടുകുനന്ന് ബസിൻറെ അവസാന സ്റ്റോപ്പ് ആണ് നിർമല അവിടെ വച്ചാണ് ബസ് തിരിച്ചു നിർത്തുന്നത് 

ബസ് തിരിക്കുന്ന സ്ഥലമെത്തുമ്പോൾ വെറുതെ നിർമൽ സ്റ്റുഡിയോയിലേക്ക് തല ചരിച്ചു നോക്കും 

അപ്പോൾ നാരായണിയും ചിരുതയും എന്നെ നോക്കി ചിരിക്കുന്നത് പോലെ തോന്നും, ചിരുത ചിരിക്കുമ്പോൾ കണ്ണുകൾ ഇറുക്കി അടക്കുകയും വാർദ്ധക്യത്തിന്റെ വരകൾ  മുഴുവൻ മുഖത്തു തെളിഞ്ഞു വരുകയും ചെയ്യും, പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ആരാണ് ആ ചിത്രം വരച്ചതെന്നു അത്രയ്ക്ക് കൃത്യതയോടെ ആയിരുന്നു ആ വരപ്പ്.

നാരായണി തള്ളയുടെ കയ്യിൽ ആ ചിത്രത്തിലും ചെങ്കല്ലിന്റെ കുഞ്ഞു കഷ്ണം ഉണ്ടായിരുന്നു. . കാലം പിന്നിട്ടപ്പോൾ നാരായണി ഭ്രാന്തി ലോകത്തോട് വിടപറഞ്ഞു പോയി. .

ചിരുത പിന്നെയും പിന്നെയും വെള്ളിമാടുകുന്നിൽ തന്റെ കുട്ടയുമായി വന്നു നിത്യവൃത്തി തേടി.


പണ്ട് തേക്കിന്റെ ഇലയിലായിരുന്നു മീൻ പൊതിഞ്ഞു കൊടുക്കാറുള്ളത് , 

തേക്കിന്റെ ഇല കൊണ്ടുകൊടുക്കുന്നവർക്കു പണ്ട് ഇത്രയൊന്നും വിലയില്ലായിരുന്ന മത്തിയോ, അയലകുട്ടികളോ ആലിക്കയുടെ മീൻപീട്യയിൽ നിന്നും സൗജന്യമായി നൽകുമായിരുന്നു. 

കുട്ടവില്പനകഴിഞ്ഞു ചിരുത മടങ്ങിപോകുന്നതിനു മുൻപ് വീട്ടു തൊടിയിലെ വഴിവക്കിൽ നിൽക്കുന്ന തേക്കുമരത്തിലേക്കു കോണിപോലും വയ്ക്കാതെ അങ്ങ് വലിഞ്ഞു കയറിപ്പോകുന്നത് ദൂരെ ജനലിൻറെപൊളിക്കപ്പുറത്തു നിന്നും പേടിയോടെ നോക്കി നിൽക്കുമായിരുന്നു ഞാൻ, 

ഒരു കറിക്കുള്ള മീൻ കിട്ടാനുള്ള തേക്കില ആയാൽ ചിരുത ഒറ്റ ചാട്ടമാണ് മരത്തിൽ നിന്നും താഴോട്ട്,

 ഊർന്നിറങ്ങാനൊന്നും ചിരുത നിൽക്കാറില്ല, ചാടിയിറങ്ങി ഒരു

മൂരി നിവർത്തലുണ്ട്. ശേഷം തേക്കിലയും തലയിലെടുത്തു ഒറ്റയ്ക്ക് വർത്തമാനം പറഞ്ഞു പറഞ്ഞു അങ്ങോട്ടേക്ക് പോകും ശേഷം

 തേക്കിലയും കൊടുത്ത് മീനും മേടിച്ചു ചിരുത തിരിച്ചുപോകും.


ചിരുത പണ്ട് കല്യാണവീടുകളിലെ സ്ഥിരസാന്നിധ്യമായിരുന്നു ഇന്നത്തെപോലെ എല്ലാം പാക്കറ്റ് ചെയ്തുകിട്ടാത്ത കാലത്തെ കല്യാണങ്ങൾ അതിന്റെ തലേന്നാൾ ഇടിക്കാനും, പൊടിക്കാനും, അരക്കാനുമൊക്കെയായി വലിയൊരു അയൽപക്കസ്ത്രീ സൗഹൃദങ്ങൾ നിറഞ്ഞിരുന്ന കാലത്ത് ജാതിമതഭേദമന്യേ എല്ലാ വീടുകളിലും സഹായിയായി ചിരുത എത്തി

കല്യാണമൊക്കെ കഴിഞ്ഞു മടങ്ങുമ്പോൾ അരിയും, ചോറുമൊക്കെ ചിരുത സ്വീകരിച്ചു യാത്രയാകും. . .


 എന്റെ ബാല്യവും, കൗമാരവും, യൗവനവും പിന്നിട്ടു വീണ്ടും വീണ്ടും ചിരുതതള്ളയെ കാണുമ്പോൾ പ്രായത്തിന്റെ അവശത ഒന്നും കാണിക്കാതെ അവർ പറമ്പിൽ ബസാറിലെവിടെയോ ഉള്ള കുന്നിറങ്ങി ഞങ്ങളുടെ നാട്ടിലേക്ക് വന്നുകൊണ്ടിരുന്നു, കൂടെ ഉള്ളവർ പലരും കുശവജോലിയിൽ മൺപാത്രനിർമാണത്തിന് പോയപ്പോൾ ചിരുത മാത്രം ആ വഴി തേടിയില്ല. . . 


കാലങ്ങൾക്കിപ്പുറത്തു ഞങ്ങൾ RED YOUNGS കിറ്റുകൾ വിതരണം ചെയ്യുമ്പോഴൊക്കെ ചിരുതയുടെ പേര് ആയിരിക്കും ആദ്യം ഉണ്ടാകുക . സഞ്ചിയും തലയിലേറ്റി ചിരുത നടന്നു പോകുന്നത് കാണുമ്പോൾ പലരും തള്ളക്ക് ഇപ്പോഴും ഒരു തകരാറുമില്ലേ എന്ന് അത്ഭുതം കൂറും. .


ഓടമുളയുടെ കൊട്ടയൊക്കെ കാലയവനികയിൽ മറഞ്ഞ കാലത്താണ് ചിരുത പലരോടും  ജീവിക്കാനുള്ള സഹായമൊക്കെ ചോദിക്കുന്നത് കാണാൻ തുടങ്ങിയത്. . 

ഇപ്പോഴും എപ്പോഴുമതെ ആ ചിരി അവരിൽ നിറയുന്നു. . 

പണ്ട് പൊകല വച്ച് കറുപ്പിച്ചു കളഞ്ഞ പല്ലുകൾ കാണുമ്പോൾ ഭീതിതമായിരുന്നു. . വെത്തില കറ ചുവന്ന ചോരപോലെ പലപ്പോഴും ചിരുതയുടെ ചുണ്ടിലൂടെ ഒലിച്ചിറങ്ങും. . . 

ആ ചോര ഒലിപ്പിച്ചു കൊണ്ട് ചിരുതയുടെ ചിരി കാണുമ്പോൾ വല്ലാത്തൊരു കാഴ്ചയാണ്.


കാലങ്ങൾക്കിപ്പുറത്തും ചിരുതയുണ്ട് വെള്ളിമാടുകുന്നിൽ,

അവർ എപ്പോഴാണ് ഇങ്ങോട്ടേക്കു വരുന്നതെന്ന് അറിയുന്നില്ല. . 

ഇപ്പോൾ ശെരിക്കും പ്രായം അലട്ടുന്നുണ്ട് വിറയോടെ ആണ് നടത്തമെല്ലാം. . 


വളരെ യാദൃശ്ചികമായി ഇന്ന് രാവിലെ വെള്ളിമാടുകുന്നിലെ പുതിയ PC റോൾസ്  ഹോട്ടെലിൽ നിന്നും ചായ കുടിച്ചു പ്രയാസപ്പെട്ടു പുറത്തേക്കിറങ്ങുന്ന ചിരുതയെ ആണ് ഞാൻ കാണുന്നത്. ഹോട്ടലിലെ പയ്യൻ കൈകളിലേക്ക് വെള്ളമൊഴിച്ചു കൊടുക്കുമ്പോൾ ഞാൻ പറഞ്ഞു എനിക്കൊരു പടം പിടിക്കണമെന്ന് പഴയ പേടിയുടെ കാലമൊക്കെ കാലം മാറ്റിക്കളഞ്ഞല്ലോ.  . . 

അപ്പോഴും ചിരുത ചിരിച്ചു 

ഫോട്ടോ എടുത്തു കഴിഞ്ഞപ്പോൾ പരിഭവമായി പറഞ്ഞു

 "മോത്ത് ശീല കെട്ടീല" എന്ന്. . .


ശെരിക്കും പ്രായമായിരിക്കുന്നു ചിരുത തള്ളക്ക്. . . 

ഇനി എത്രകാലം ? 

അവർ ആ കുന്നിറങ്ങി വെള്ളിമാടുകുന്നിലേക്കു വരുമെന്ന് ഒരു നിമിഷം ഓർത്തുകൊണ്ട്. . . .


*****************************************


Nb:- ചിരുത തള്ള എന്നത് ബഹുമാനക്കുറവുകൊണ്ടോ കീഴാള വിരുദ്ധതകൊണ്ടോ അല്ലെന്നു പറയട്ടെ, അവരെ അങ്ങനെ ആണ് പലരും വിളിക്കുന്നത് ഭാഷാപ്രയോഗങ്ങൾ യഥാർത്ഥ  പ്രയോഗങ്ങളെ അയഥാര്ഥമായി അവതരിപ്പിക്കാൻ തോന്നാത്തതിനാൽ അങ്ങനെ തന്നെ ചേർത്തതാണ്.