Tuesday, September 28, 2010

പദ്മിനി റാവു അപമാനിക്കപെട്ടു








ഇന്ത്യന്‍ സംഗീതത്തിന്റെ അംബാസിഡറായി അറിയപ്പെടുന്ന ഹിന്ദുസ്‌ഥാനി സംഗീതജ്‌ഞയാണ്‌ പത്മിനി റാവു. ഹിന്ദുസ്ഥാനി സംഗീതത്തെ ലോകമെങ്ങമുളള ആസ്വാദകരിലേക്ക്‌ എത്തിച്ച മഹത്തായ സംഗീതജ്ഞ. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ പത്മിനി റാവുവിന്റെ രണ്ട്‌ ദശകം പഴക്കമുള്ള തംബുരു എയര്‍ലൈന്‍സുകാരുടെ അശ്രദ്ധമൂലം പൊട്ടിത്തകര്‍ന്ന സംഭവം സംഗീത പ്രേമികളെ വിഷമിപ്പിക്കുന്നതാണ്‌.

ഇരുപത്‌ വര്‍ഷത്തിലധികമായി നിധി പോലെ സൂക്ഷിക്കുന്ന തംബുരു സ്വകാര്യ എയര്‍ലൈന്‍സുകാര്‍ അലക്ഷ്യമായി കൈകാര്യം ചെയ്‌തതിനെ തുടര്‍ന്നാണ്‌ തകര്‍ന്നത്‌.
കൊച്ചിയില്‍ സംഘടിപ്പിച്ച ഹിന്ദുസ്‌ഥാനി കച്ചേരിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പത്മിനി റാവു.

മട്ടാഞ്ചേരിയില്‍ സംഗീതസംഘടനയായ മ്യൂസിക്കല്‍ മീറ്റും ശുദ്ധകല്യാണും ചേര്‍ന്നു സംഘടിപ്പിച്ച ഹിന്ദുസ്‌ഥാനി കച്ചേരിക്കെത്തിയ പത്മിനി പകരം ഇലക്‌ട്രോണിക്‌ തംബുരു വാടകയ്‌ക്കെടുത്താണു 45 മിനിട്ട്‌ നീണ്ട കച്ചേരി അവതരിപ്പിച്ചത്‌.
കേരളത്തില്‍ ആദ്യമായെത്തുന്ന ലോകപ്രശസ്‌ത സംഗീതജ്ഞ യുടെ വരവ്‌ ആഘോഷിക്കാനുള്ള ഒരുക്കമായിരുന്നു എങ്ങും. എന്നാല്‍ വിമാനമിറങ്ങിയപ്പോള്‍ പതിവായി കൂടെ കൊണ്ടു പോകാറുളള തംബുരു തകര്‍ന്നുപോയ കാര്യമാണ്‌ അവര്‍ അറിയുന്നത്‌. അമേരിക്കയിലും യൂറോപ്പിലുമൊക്കെ ആസ്വാദ കമനസുകളില്‍ ഹിന്ദുസ്‌ഥാനിസംഗീതം പെയ്യിച്ച പത്മിനി റാവു ആദ്യമായാണു കേരളത്തില്‍ സംഗീതപരിപാടിക്ക്‌ എത്തിയത്‌.


മുംബൈയില്‍നിന്നു കൊച്ചിയിലേക്കുള്ള യാത്രയില്‍ തംബുരു കൈവശം കൊണ്ടുവരുന്നതിനെ എയര്‍ലൈന്‍സ്‌ അധികൃതര്‍ എതിര്‍ത്തതാണ്‌. ഒരു സംഗീതോപകരണമാണെന്ന പരിഗണന നല്‍കിയാണ്‌ പിന്നീട്‌ യാത്ര അനുവദിച്ചത്‌. എന്നാല്‍ എയര്‍ലൈന്‍സുകാര്‍ അത്തരം ഒരു പരിഗണനയും നല്‍കാതെ തംബുരു കാബിന്‍ ബാഗേജില്‍ മാറ്റിയിട്ടു.


ലോകമെങ്ങും സഞ്ചരിക്കുന്ന ഈ സംഗീതജ്‌ഞയ്‌ക്കു ജീവിതത്തി ലാദ്യമായാണ്‌ ഇത്തരമൊരു ദുരനുഭവം. സംഗീതോപകരണത്തെ മാരകാ യുധമെന്നപോലെ പരിഗണിച്ച സുരക്ഷാ ഉദ്യോഗസ്‌ഥര്‍ കാണിച്ച അഹംഭാവം ശിക്ഷിക്കപ്പെടേണ്ടതാണ്‌. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ ബാഗേജുകളുടെ കൂട്ടത്തില്‍ വലിച്ചെറിയപ്പെട്ട നിലയില്‍ ലഭിച്ച തംബുരു രണ്ടായി പൊട്ടിപ്പോയിരുന്നു.


പണ്ഡിറ്റ്‌ ഭീംസെന്‍ ജോഷിയുടെ ശിഷ്യയായ പത്മിനി കാനഡയിലാണു സ്‌ഥിരതാമസം. 15ാം വയസില്‍ മുംബൈയില്‍ സിത്താര്‍ പഠനത്തോടെ സംഗീതരംഗത്ത്‌ അരങ്ങേറിയ പത്മിനി ഹിന്ദുസ്‌ഥാനി സംഗീതത്തിലെ ഉന്നത പ്രതിഭകളിലൊരാളായി വളരുകയായിരുന്നു.


ആരോടും പരിഭവമില്ലാതെ മടങ്ങിയെങ്കിലും പത്മിനിക്ക്‌ സംഭവിച്ച ദുരന്തം നാളെ ഒരാള്‍ക്ക്‌ സംഭവിക്കരുതെന്ന്‌ നമ്മുടെ ഭരണകൂടം ശ്രദ്ധിച്ചില്ലെങ്കില്‍ നമ്മുടെ ആതിഥ്യമര്യാദകള്‍ എയര്‍ലൈന്‍സുകാരുടെ നിര്‍ബന്ധ ബുദ്ധിയിലും അഹങ്കാരത്തിലും തകര്‍ന്നുതരിപ്പണമാകും.

No comments:

Post a Comment