Saturday, July 24, 2010

സ്വര്‍ഗം കരഞ്ഞ നിമിഷം..................................

ഒന്ന്

കണ്ണിനു പകരം കണ്ണെന്നത് ഒരു പഴയകാല പ്രതികാര സിദ്ധാന്തമാണ്. എങ്കില്‍ ഒരു നിന്ദയ്ക്കു പകരം ഒരു കൈപ്പത്തിയെന്നത് ഏതൊരു കാലത്തെ കുടില സിദ്ധാന്തമാണ്? 'നിന്റെ കണ്ണടിച്ച് പൊട്ടിക്കും' എന്ന പഴയ ഭീഷണിപോലും ഇന്ന് പിന്‍വലിക്കപ്പെടേണ്ടതാണ്. എന്തുകൊണ്ടെന്നാല്‍, അടിച്ചുപൊട്ടിക്കപ്പെടുന്ന ഓരോ കണ്ണും ഇന്ന് ഒരു വ്യക്തിയുടെ നഷ്ടം എന്നതിനേക്കാള്‍ മനുഷ്യരാശിയുടെയാകെ നഷ്ടമാണ്. അനുദിനം 'കാഴ്ചക്കടലായി' ഇരമ്പേണ്ട, നേത്രബാങ്കുകളെ അടിച്ചുപൊട്ടിക്കപ്പെടുന്ന ഓരോ കണ്ണും സങ്കടക്കാഴ്ചകളുടെ മഹാസമുദ്രമാക്കും. അങ്ങനെ സംഭവിക്കാതിരിക്കാന്‍, നിതാന്ത ജാഗ്രത പുലര്‍ത്തേണ്ട സമൂഹത്തിലാണ്, 'കൈപ്പത്തി കൊത്തല്‍' ക്രൂരത സംഭവിച്ചിരിക്കുന്നത്. മുമ്പ് മനുഷ്യര്‍ വളരെ വളരെ ചെറുതായിരുന്നൊരു കാലത്താണ്, 'കണ്ണിനുപകരം കണ്ണ്' എന്നൊരു സങ്കുചിത കാഴ്ചപ്പാട് ശക്തിപ്പെട്ടത്. നീതിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ വികസിക്കാതിരുന്ന പ്രാചീനകാലത്താണ് 'കണ്ണിനു പകരം കണ്ണ്' എന്ന ക്രൂരസിദ്ധാന്തം കൊലവിളിയോടെ ജനാധിപത്യത്തിന്റെ ഹൃദയം പിളര്‍ത്തി പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, ആരുടെയും കണ്ണ്, മുന്നേ സൂചിപ്പിച്ചവിധം, അടിച്ചുപൊട്ടിക്കാനുള്ളതല്ല, മറിച്ച് നേത്രബാങ്കുകള്‍ക്ക് സംഭാവന നല്‍കാനുള്ളതാണെന്ന് തിരിച്ചറിഞ്ഞുകഴിഞ്ഞൊരു പുതിയ കാലത്ത്, ആത്മനിഷ്ഠതലത്തില്‍നിന്നു മാത്രമല്ല, വസ്തുനിഷ്ഠ തലത്തില്‍നിന്നും പഴയ പ്രതികാരസിദ്ധാന്തങ്ങളെ വേരോടെ പിഴുതെറിയാന്‍ ഓരോ മനുഷ്യനും സ്വയം കരുത്താര്‍ജിക്കേണ്ടതുണ്ട്. അങ്ങനെയുള്ളൊരു കാലത്താണ്, നിന്ദയ്ക്കുപകരം മറ്റൊരു നിന്ദ എന്നതിനുപകരം ഒരു, ഇ എന്‍ഡിഎഫ് സ്പോസേഡ് കോടാലി കാഴ്ചപ്പാട് മനുഷ്യത്വത്തിനുനേരെ ഇപ്പോള്‍ കണ്ണുരുട്ടുന്നത്. ആധുനികരെന്ന് അവകാശപ്പെടുന്നവര്‍ പഴയ തെറ്റുകള്‍ യെന്‍ മാത്രമല്ല, അതിനുമേല്‍ പുതിയ തെറ്റുകള്‍ തുന്നിച്ചേര്‍ക്കാന്‍ മത്സരിക്കുകയുമാണ്. നിന്ദയ്ക്കുപകരം പരമാവധി മറ്റൊരു നിന്ദ എന്ന പ്രാകൃത ക്രൂരനീതിക്കുപകരം, 'പോപ്പുലര്‍ ഫ്രണ്ട്' നടപ്പാക്കിയിരിക്കുന്നത്, നിന്ദയ്ക്കുപകരം ഒരു കൈപ്പത്തിയെന്ന, ആധുനിക 'കുക്രൂര' നീതിയാണ്. ഒരു നിന്ദയ്ക്കുപകരം, അതേ മാനസികാവസ്ഥയിലേക്ക് സ്വയംതാഴാന്‍ കഴിയുന്നവര്‍ക്ക് പരമാവധി നിര്‍വഹിക്കാവുന്നത്, അതിനേക്കാളും നിന്ദ്യമായ മറ്റൊരു നിന്ദ നടപ്പാക്കുക മാത്രമാണ്! അതിനുപകരം ഇപ്പോള്‍ ഇവിടെ സംഭവിച്ചിരിക്കുന്നത്, നിന്ദയ്ക്കുപകരം ഒരു കൈപ്പത്തിയെന്ന ഒരു കോടാലി കാഴ്ചപ്പാടിന്റെ രക്തസാക്ഷാല്‍ക്കാരമാണ്.
രണ്ട്

സ്ഥലകാലങ്ങളുടെ അപാരതകളിലേക്ക് സ്വയം തുറന്നുവയ്ക്കുന്ന മനുഷ്യര്‍ക്ക് ക്രൂരനാകാനും; അപക്വമായ ക്ഷമയില്ലായ്മയ്ക്ക് അടിമപ്പെടാനും കഴിയില്ല. സ്വന്തം ശരീരത്തിന്റെ ചെറിയ ലോകത്തിനു ചുറ്റും കറങ്ങിയതുകൊണ്ടാണ്,'സമയമായില്ലെന്ന' കുമാരനാശാന്റെ 'സന്യാസിയായ' ഉപഗുപ്തന്റെ ഭാഷ, വേശ്യയായ വാസവദത്തയ്ക്ക് മനസ്സിലാകാതെ പോയത്. അതുകൊണ്ടാണ് അവള്‍ സംഭ്രമപൂര്‍വം 'സമയമായില്ലപോലും സമയമായില്ലപോലും' എന്നതില്‍ വിസ്സമ്മതം കൊണ്ടത്. ശരീരവും ആശയവും തമ്മിലുള്ള'സമയവ്യത്യാസ'ത്തില്‍ വച്ചാണ് കുമാരനാശാന്റെ 'കരുണ' സ്വയമൊരു സങ്കടക്കടലായത്. വാസവദത്ത ഒരിരുപത്തഞ്ചു വര്‍ഷംമാത്രം ആയുസ്സുള്ള ഹ്രസ്വമായ ഒരു ശരീരസമയത്തില്‍നിന്നു സംസാരിച്ചപ്പോള്‍, ആയുസ്സ് നിര്‍ണയിക്കുക പ്രയാസമായ ഒരാധ്യാത്മിക ആശയത്തിന്റെ ദീര്‍ഘമായ സമയത്തില്‍നിന്നാണ് ഉപഗുപ്തന്‍ സംസാരിച്ചത്. വ്യത്യസ്ത ആശയങ്ങളുടെ ലോകത്തുനില്‍ക്കുമ്പോഴും അഗാധവും ആത്മാര്‍ഥവുമായ ആഭിമുഖ്യം പരസ്പരം പുലര്‍ത്തിയതുകൊണ്ടാകണം, ശരീരകാമനകള്‍ അപ്രസക്തമാകുന്നൊരു ശ്മശാനത്തില്‍ വച്ച് അവര്‍ക്കൊടുവില്‍ പരസ്പരം തിരിച്ചറിയാന്‍ കഴിഞ്ഞത്. സൂക്ഷ്മാര്‍ഥത്തില്‍ വ്യത്യസ്തമായ രണ്ടു കാല സങ്കല്‍പ്പങ്ങള്‍ക്കിടയില്‍ വലിഞ്ഞുമുറുകിയതുകൊണ്ടാണ്, കുമാരനാശാന്റെ പ്രശസ്തമായ 'കരുണ'യില്‍ അഴിക്കുംതോറും കുരുങ്ങുന്ന, 'കെട്ടുകള്‍' വന്നുനിറഞ്ഞത്. 'സമയമില്ലെന്ന' സംഘര്‍ഷത്തില്‍ നിന്നാണ്,'തിരക്കും', വന്ധ്യമായ അസ്വസ്ഥതകളും ആവിര്‍ഭവിക്കുന്നത്. 'ദൈവത്തിന്റെ ഖജനാവില്‍ മാത്രമാണ് അനന്തമായ സമയമുള്ളതെന്ന 'ബഷീറിയന്‍ മുദ്ര' പതിഞ്ഞ, 'ആധ്യാത്മികദര്‍ശനം' ഇവിടെവച്ചാണ് തത്വശാസ്ത്രപരമായ ശരിതെറ്റുകള്‍ക്കപ്പുറമുള്ളൊരു സാന്ത്വനത്തിന്റെ സൌന്ദര്യശാസ്ത്രമാകുന്നത്.
പരസ്പരം ഏറെ അടുപ്പമുള്ളവര്‍ക്കുപോലും, ശരിയാംവിധം പരസ്പരം മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നത്, ഒരേ സമയത്തിനകത്തുള്ള 'വ്യത്യസ്ത സമയ'ങ്ങളെ വേണ്ടവിധം തിരിച്ചറിയാന്‍ അവര്‍ക്ക് കഴിയാത്തതുകൊണ്ടാണ്. രണ്ടു വയസ്സുള്ള ഒരു കുഞ്ഞ്, 'എനിക്കിപ്പം' ബിസ്കറ്റ് വേണമെന്നു പറയുന്നു. പണിയുടെ തിരക്കില്‍പ്പെട്ട ഒരമ്മ, 'ദാ ഇപ്പം തരാം' എന്നു പറയുമ്പോഴും കുഞ്ഞ്, ആ ഒരു രണ്ടു മിനിറ്റ് കാത്തുനില്‍ക്കാതെ കരയുന്നു. അമ്മയ്ക്ക് ദേഷ്യം വരുന്നു. സത്യത്തില്‍, കുട്ടിയേക്കാള്‍ അമ്മയ്ക്കാണ് പിഴച്ചതെന്ന് ഒരല്‍പ്പം ആലോചിച്ചാല്‍ ആര്‍ക്കും വ്യക്തമാകും. ആല്‍ഫിന്‍ ടോഫ്ളര്‍ വ്യക്തമാക്കിയപോലെ അമ്മയുടെ 'രണ്ടു മിനിറ്റ്' അമ്മ ജീവിച്ചുതീര്‍ത്ത 'മുപ്പത് കൊല്ല'ത്തിനകത്തെ രണ്ടു മിനിറ്റാണ്. കുട്ടിയുടെ രണ്ടു മിനിറ്റ്, കുട്ടി ജീവിക്കാന്‍ തുടങ്ങിയ രണ്ടു കൊല്ലത്തിനകത്തെ രണ്ടു മിനിറ്റാണ്. രണ്ടും 'രണ്ടു മിനിറ്റെന്ന' അര്‍ഥത്തില്‍ ഒരേ സമയമായിരിക്കുമ്പോഴും രണ്ടും വ്യത്യസ്ത അനുഭവങ്ങളുണ്ടാക്കുംവിധം, രണ്ടു സമയമാണ്. ഇത് സൂക്ഷ്മമായി തിരിച്ചറിയാന്‍ കഴിയാതെ വരുമ്പോഴാണ്, തലമുറകള്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ രൂപംകൊള്ളുന്നത്. നമ്മുടെ, 'വൈയക്തികകാലവും' 'സാമൂഹ്യകാലവും' 'പ്രപഞ്ചകാലവും' തമ്മിലുള്ള അന്തരവും ഇതുപോലെതന്നെ പ്രസക്തമാണ്. ശരാശരി, ഒരെഴുപതു വയസ്സില്‍ മരിച്ചുപോകാനിടയുള്ള മനുഷ്യര്‍, ഇനി ലോകം നന്നാകുകയില്ലെന്ന്, ശാഠ്യംപിടിക്കുമ്പോള്‍, അനേകായിരം എഴുപതുകള്‍കൊണ്ട് പെരുക്കേണ്ട 'സാമൂഹ്യകാല'ത്തെ അവര്‍ കാണാതിരിക്കുകയാണ്. എന്നാല്‍, 'സാമൂഹ്യകാല'ത്തെ നിസ്സാരമാക്കുന്ന 'പ്രപഞ്ചകാലത്തിനു' മുമ്പിലെത്തുമ്പോള്‍, മനുഷ്യര്‍ക്ക് വീണ്ടും അത്യന്തം വിനയാന്വിതരാകേണ്ടിവരും. ആക്രോശങ്ങളുടെ പഴയ വാളുകള്‍ താഴെയിട്ട്, അവര്‍ അന്വേഷണങ്ങളുടെ 'പഴയ' റാന്തല്‍വിളക്കുകള്‍, കൈയിലെടുക്കേണ്ടിവരും. ഞാന്‍ വായിച്ചതില്‍, ഈയൊരാശയം, ഏറ്റവും മനോഹരമായി എഴുതിയിരിക്കുന്നത്, 'കോസ്മോസ്' എന്ന വിഖ്യാത ഗ്രന്ഥം എഴുതിയ കാല്‍സാഗനാണ്. 'Every one of us is precious in the cosmic perspective. If a human disagrees with you, let him live. In a hundred billion galaxies, you will not find another.' കോടാനുകോടി ക്ഷീരപഥങ്ങളില്‍ മനുഷ്യനെപ്പോലുള്ള ജീവിയെ നിങ്ങളൊരിക്കലും കണ്ടുമുട്ടുകയില്ല. അതുകൊണ്ട് ഒരു മനുഷ്യന്‍ നിങ്ങളോട് വിയോജിക്കുന്നെങ്കില്‍ അവരും ജീവിക്കട്ടെ. ഒരു പ്രപഞ്ച പരിപ്രേക്ഷ്യത്തില്‍ നമ്മളോരോരുത്തരും അമൂല്യരാണ്. എന്നാല്‍, ഭൌതികവാദിയായ കാല്‍സാഗന് സങ്കല്‍പ്പിക്കാന്‍ നിര്‍വാഹമില്ലാത്ത 'പരലോകം' എന്ന അപരപ്രപഞ്ചത്തെക്കൂടി സങ്കല്‍പ്പിക്കുന്ന 'ആധ്യാത്മിക ചിന്തകള്‍ക്ക്' ഇതിനൊക്കെയുമപ്പുറം 'വിനയാന്വിതരാകാന്‍' തത്വശാസ്ത്രപരമായി ബാധ്യതയുണ്ട്. പക്ഷേ, ഇന്നവരില്‍ ചിലര്‍ ചെയ്യുന്ന 'ക്രൂരതകള്‍'; അവര്‍ പ്രതിനിധാനംചെയ്യുന്ന മതത്തെ തത്വശാസ്ത്രപരമായി പാപ്പരാക്കുകയും പ്രായോഗികമായി അതിനെ ഭീതിയുടെ ചുരുക്കെഴുത്താക്കി നിറംകെടുത്തുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഖുര്‍ ആന്‍ ഒരു ദൈവികസൃഷ്ടിയല്ലെന്നും വെറുമൊരു സാഹിത്യസൃഷ്ടി മാത്രമാണെന്നും പ്രവാചകന്റെ കാലത്ത് വാദിച്ചവരുണ്ടായിരുന്നു. മുസ്ളിങ്ങളുടെ വിശുദ്ധ വേദഗ്രന്ഥത്തെ അവഹേളിച്ചവര്‍ എന്നാര്‍ത്തുവിളിച്ച് അവരെ ആക്രമിക്കുകയല്ല മറിച്ച്, 'അങ്ങനെയെങ്കില്‍ ഇതുപോലൊന്ന് മുഴുവനായോ അല്ലെങ്കില്‍ ഒരു വരിയെങ്കിലുമോ എഴുതിക്കാണിക്ക്' എന്ന് സര്‍ഗാത്മകമായി വെല്ലുവിളിക്കുകയാണ്, 'ഖുര്‍ ആന്‍' ചെയ്തത്! ഇസ്ളാമിക ചരിത്രത്തിലെ ശ്രദ്ധേയമായ 'ഹുദൈബിയാസന്ധി' എഴുതുമ്പോള്‍, 'അല്ലാഹുവിന്റെ ദൂതനായ മുഹമ്മദും അംറിന്റെ മകനായ സുഹൈല്‍ ചെയ്ത കരാര്‍' എന്ന വാക്യം, ശത്രുപക്ഷത്തുള്ള സുഹൈല്‍ ആവശ്യപ്പെട്ടതുപോലെ, 'അബ്ദുല്ലയുടെ മകന്‍ മുഹമ്മദ്' എന്നു തിരുത്തിയെഴുതാന്‍; പ്രവാചകന്‍ തന്നെ നിര്‍ദേശിക്കുകയായിരുന്നു. രോഷാകുലരായ 'സഹാബികളോട്' അദ്ദേഹം പറഞ്ഞത് 'നിശ്ചയമായും അല്ലാഹു ക്ഷമാശീലരുടെ കൂടെയാണ്' എന്നായിരുന്നു. ജീവിച്ച കാലത്തെ അതുല്യ മാതൃകയായിരുന്നിട്ടും അറഫാത്ത് എന്ന കുന്നിന്‍മുകളില്‍വച്ച് നിര്‍വഹിച്ച വികാരനിര്‍ഭരവും ചിന്തോദ്ദീപകവുമായ അന്ത്യപ്രഭാഷണം പ്രവാചകന്‍ അവസാനിപ്പിച്ചത്, "അല്ലാഹു എന്നോടു ക്ഷമിക്കണമേ, എന്നോട് ദയ ഉണ്ടാകണമേ'' എന്ന ഉള്ളുരുകിയ, സര്‍വരുടെയും ഉള്ളുരുക്കുന്ന, ഹൃദയസമര്‍പ്പണത്തോടെയായിരുന്നു. ഒരുപക്ഷേ വലിയ ജീവിതം നിര്‍വഹിച്ച അതിലും വലിയ സമര്‍പ്പണമെന്നോ, അതല്ലെങ്കില്‍ സര്‍വപ്രാര്‍ഥനകളെയും പിന്നിലാക്കുന്ന മഹാപ്രാര്‍ഥനയെന്നോ പര്‍ഗയാവുണ്ണ്‍ ഒരപൂര്‍വ അന്ത്യസമര്‍പ്പണമായിരുന്നു അത്. കുട്ടിയായിരിക്കുമ്പോള്‍ തന്നെ മുഹമ്മദില്‍ മഹത്വത്തിന്റെ ലക്ഷണങ്ങള്‍, ആദ്യം തിരിച്ചറിഞ്ഞത് സുഹൈറ എന്നൊരു ക്രിസ്ത്യന്‍ സന്ന്യാസിയായിരുന്നു. ജിബ്രീല്‍ എന്ന മാലാഖ, ഹിറാഗുഹയില്‍ വച്ച് മാറോട് ചേര്‍ത്തുപിടിച്ച് 'വായിക്കാന്‍' പറഞ്ഞ, ആദ്യത്തെ വിസ്മയകരവും അവിശ്വസനീയവുമായ അധ്യാത്മിക അനുഭവം, പ്രവാചകന്‍ ആദ്യം കുന്ച്ചഹംമെദ്, ഖദീജയോടായിരുന്നു. എന്തെന്നറിയാത്ത ആ അനുഭവത്തിന്, അവര്‍ വിശദീകരണം ചോദിച്ചത് ക്രിസ്ത്യന്‍ വിശുദ്ധാത്മാവായ വര്‍ഖത്ത് ഇബ്നു നൌഫലിനോടായിരുന്നു. മുഹമ്മദ് ഒരു ജനതയുടെ പ്രവാചകനായി തീരാനിടയുണ്ടെന്നാണ് അദ്ദേഹം അന്നതിനു മറുപടി നല്‍കിയത്! വ്യത്യസ്ത മതസ്ഥരോടും മതരഹിതരോടും 'സംവാദാത്മക സൌഹൃദം' പങ്കുവയ്ക്കാനുള്ള ആഹ്വാനമാണ് ഇസ്ളാം മതത്തിന്റെ അന്തസ്സത്ത. ആ മഹാ തത്വത്തെയാണ് എന്‍ഡിഎഫ് ഇന്ന് അവഹേളിക്കുന്നത്. 'നീ ഉപദേശിക്കുക; നിശ്ചയമായും നീ ഒരു ഉദ്ബോധകന്‍ മാത്രമാണ്. നീ അവരുടെമേല്‍ അധികാരം നടത്തുന്നവനല്ല' എന്നാണ് ഖുര്‍ ആന്‍ പ്രഖ്യാപിക്കുന്നത്. പ്രസിദ്ധ ഇസ്ളാമിക ചിന്തകനായ മൌലാനാ അബ്ദുള്‍ കലാം ആസാദ് വിശദമാക്കിയതുപോലെ, 'ഖുര്‍ ആന്റെ പ്രബോധനങ്ങളെ അടിമുടി എതിര്‍ത്തവര്‍ക്കുവേണ്ടി പോലും ഒരു വാചകം അതില്‍ തന്നെയുണ്ട്'. മുന്നൂറിലേറെ തവണ ഖുര്‍ ആനില്‍ ആവര്‍ത്തിക്കപ്പെട്ട ഒരൊറ്റ പദമേയുള്ളൂ. അത് 'കാരുണ്യം' എന്നര്‍ഥത്തിലുള്ള 'റഹ്മത്ത്' ആണ്. നിങ്ങള്‍ ആ കൈപ്പത്തി കൊത്തിയപ്പോള്‍ ഭൂമി മാത്രമല്ല, കെ കണ്ണീര്‍ പൊഴിച്ചിരിക്കും.

കെ.ഇ.എന്‍ .
ദേശാഭിമാനി ദിനപത്രം 24/07/2010


ചില സംശയങ്ങള്‍ കുറിക്കട്ടെ
 1. എന്ത് കൊണ്ടാണ് കെ..എന്‍ എന്‍,ഡി,എഫ് നെ തുറന്നെതിര്‍ക്കാത്തത് ?
 2. ഉപ്ഗുതനെയും വസവ ദത്തയും വിഷയത്തില്‍ എത്രത്തോളം പ്രാധാന്യം അര്‍ഹിക്കുന്നു
 3. ആര്‍ ,എസ ,എസിനെ എതിര്‍ക്കുമ്പോള്‍ കാണിക്കുന്ന ആര്‍ജവം എന്താണ് ഇയാള്‍ ഇവിടെകാണിക്കാത്തത് ?
 4. കൈ വെട്ടലിനെ "കൈപത്തി കൊത്തല്‍ " എന്ന പുതിയ പ്രയോഗം ഭീകരതയെ ലഗൂകരിക്കാന്‍വേണ്ടി മാത്രമല്ലേ ?
 5. മുന്‍പ് സി,പി,എം പ്രവര്‍ത്തകന്‍ കൊല്ലപെടുമ്പോള്‍ വെട്ട് ഏറ്റു മരിക്കുകയും ,ആര്‍.എസ.എസ് കാരന്‍കൊല്ലപെടുമ്പോള്‍ വെട്ടികൊന്നു എന്നും പറയുന്ന മാധ്യമ ഭാഷയല്ലേ കെ..എന്‍ ഉപയോഗിച്ചത് ?
 6. നിന്ദ ക്ക് പകരം മറ്റൊരു നിന്ദ ഇത് പ്രക്യപിക്കാന്‍ കെ,,എന്‍ ആരാണ് ? അധ്യാപകന്‍ ചെയ്തത്നിന്ദയാണെന്ന് കംമുനിസ്ടായ കെ,,എന്‍ എങ്ങിനെ മനസിലാക്കി ?
 7. പരലോകവും സ്വര്‍ഗ്ഗവും ,ജിബ്രീല്‍ മാലാഖയും,വര്കത്തു ഇബ്നു നൌഫലും ,രഹുമതും ,സഹാബികളും, നിശ്ചയമായും അല്ലാഹു ക്ഷമാശീലരുടെ കൂടെയാണ് എന്നൊക്കെയുള്ള പ്രബോധനങ്ങളും എത്രമനോഹരമായ ഒരു മത പ്രഭാഷണം ആണ് എന്‍.ഡി.എഫ് ചെട്ടകള്‍ക്ക് വേണ്ടി ഇയാള്‍ദേശാഭിമാനിയിലൂടെ എഴുതിയത് ?
 8. എന്‍.ഡി.എഫുകാര്‍ ഇല്ലാ വചനം പറഞ്ചു കൊലപ്പെടുത്തിയ നമ്മുടെ ബിനു ഇയാളോട് പൊറുക്കുമോ ?
 9. അഷറഫ്, പുന്നക്കല്‍ ഷംസു ഇവരൊക്കെ കെ,,എന്‍റെ മത പ്രഭാഷണം കേട്ട് ഇയാളോട് പൊറുക്കുമോ?
 10. സ്വത്വ വാധിയെ ചാട്ടവാര്‍ കൊണ്ട് അടിച്ചു പുറത്താക്കാന്‍ ഇതാ സമയം ആയിരിക്കുന്നു
 11. വൈരുധ്യത്മീക വാധതിനപ്പുരതെക്ക് മത വാദം കടത്തി വിടുന്ന ഇയാളെ മുക്കാലില്‍ കെട്ടി അടിക്കുക
 12. ഇത്രക്ക് മോശമായ ഒരു ലേഖനം പ്രസിദ്ധീകരിച്ച ദേശാഭിമാനി എഡിറെരും കുട്ടകാരന്‍ തന്നെ ...
ഇയാള്‍ ഒരു കമ്മുണിസ്റ്റു കാരന്‍ ആണ്
അല്ലെങ്കില്‍ ആ കുപ്പായം അണിഞ്ച്ചു കൊണ്ടാണ് ഈ ലേഖനം എഴുതിയത്
എന്നതാണ് വൈരുധ്യം
പ്രിയ കെ.ഇ.എന്‍ താങ്കള്‍ക്ക് വേണമെങ്കില്‍
സ്വര്‍ഗം കാത്തു കിടക്കാം
ഞങ്ങള്‍ കംമുനിസ്ടുകാര്‍
നരകം കാംക്ഷിക്കുന്നു
ഞങ്ങള്‍ നിഷേധികള്‍ ആണ് നിഷേധത്തിന്റെ നിഷേധം ആണ്
ഞങ്ങളുടെ കാതല്‍ ,
പുതിയ ലോകം തീര്‍ക്കാനാണ്
ഞങ്ങളെ കമ്മ്യൂണിസം പഠിപ്പിച്ചത്
അല്ലാതെ സ്വര്‍ഗ്ഗ പാതകള്‍ തേടാനല്ല,,,,,,,,,,,,

2 comments:

 1. thankal ee lekhanathe athinte krityamaya arthathil sameepikkan thayyarayilla allenkil thankalkku athu sadhichilla.

  ReplyDelete
 2. നമ്മള്‍ പണ്ടുമുതലേ കേട്ട് ശീലിച്ച പ്രതികാര സിദ്ധാന്തത്തെ അബിസംബോദന ചെയ്തത് കൊണ്ട് അദ്ദേഹം അതിന്റെ വക്താവാണ്‌ എന്ന് വ്യാഖ്യാനിക്കുന്നത് സ്വന്തം ബോധത്തോടുള്ള നീതി നിഷേധമാണ്

  ReplyDelete