Tuesday, October 4, 2011

നവരാത്രി............


ഓരോ നവരാത്രിയും ദീപ്തമായ ഒരു ഓര്‍മയെ ആണ് എന്നിലേക്ക്‌ കൈ പിടിച്ചാനയിക്കാരുള്ളത്, കുട്ടികാലത്ത് ഞങ്ങള്‍ കുറച്ചു കുട്ടികള്‍ സ്വയം പൂജാരിമാര്‍ ഒക്കെ ആയി കൊണ്ട് നവരാത്രി ദിവസങ്ങളില്‍ ഭക്തിയുടെ പുതിയ ഒരു ലോകം സൃഷ്ട്ടിക്കുമായിരുന്നു, എന്‍റെ ആത്മ മിത്രം ധീരജിന്‍റെ വീട്ടില്‍ ഞങ്ങള്‍ കുറച്ചു കുട്ടികള്‍ ഒത്തു ചേരുകയും ,അവന്‍റെ അമ്മയുടെ നല്ല നിറമുള്ള സാരികള്‍ ചേര്‍ത്ത് വച്ച് അവന്‍റെ വീടിന്‍റെ ഒരു മുറിക്കുള്ളില്‍ ഒരു കൊച്ചു അമ്പലം ഉണ്ടാക്കുകയും ചെയ്യും , എന്നിട്ട് പുസ്തകവപ്പു ദിവസം ഞങ്ങള്‍ ഒക്കെ ആഘോഷമായി ആ കൊച്ചു അമ്പലത്തില്‍ പുസ്തകം പൂജക്ക്‌ വയ്ക്കുമായിരുന്നു ,അയല്‍ വാസികളായ വിവിധ മതങ്ങളില്‍ പെട്ട ആളുകള്‍ ഒക്കെ തങ്ങളുടെ മക്കളുടെ പുസ്തകങ്ങള്‍ നല്ല ഭക്തിയോടു കൂടി പൊതിഞ്ഞു ഞങ്ങളുടെ കൊച്ചമ്പലത്തില്‍ പൂജക്ക്‌ കൊണ്ട് വരും , ധീരജ് തന്നെ ആയിരുന്നു പൂജാരി അവന്‍ ആണ് അന്ന് ഞങ്ങളുടെ നേതാവ് , കേള്‍ക്കാന്‍ ഇമ്പമുള്ള ഭക്തിഗാനങ്ങളുടെ ഒരു വലിയ ശേഖരം തന്നെ അവന്‍റെ കൈ വശം എപ്പോഴും ഉണ്ടാകുമായിരുന്നു ,പഴയ നാഷണല്‍ പാനസോണിക്കിന്റെ സ്റ്റീരിയോ സെറ്റില്‍ കൊച്ചു കാബിന്‍ ഒക്കെ വച്ച് ഞങ്ങള്‍ ആ കാലത്തെ ആഘോഷമാക്കാരുണ്ടായിരുന്നു , അന്ന് അവന്‍റെ വീട്ടില്‍ മാത്രം ആയിരുന്നു സ്റ്റീരിയോ സെറ്റ് ഉണ്ടായിരുന്നത് ,സ്റ്റീരിയോ സെറ്റില്‍ നിന്നും പാട്ട് കേള്‍ക്കുന്നത് വല്ലാത്ത ഒരു സുഖം ആയിരുന്നു ,രാത്രിയില്‍ ഞങ്ങള്‍ അതെ മുറിയില്‍ നിന്നും സന്തോഷത്തിന്റെ നൃത്ത ചുവടുകളും അഭ്യസിക്കും, അങ്ങിനെ എന്തിനും ഏതിനും സ്വാതന്ട്രമുള്ള മൂന്നു ദിനങ്ങള്‍ ഞങ്ങള്‍ കൊച്ചു കാര്യങ്ങളുടെ തമ്പുരാക്കന്മാര്‍ ഇപ്പോഴത്തെ ഭാഷയില്‍ പറഞ്ഞാല്‍ അടിച്ചു പോളിക്കുമായിരുന്നു ,യഥാര്‍ഥത്തില്‍ പുസ്തകം വപ്പു ദിനം മുതല്‍ വിജയ ദശമി വരെ മൂന്നു ദിനങ്ങള്‍ പുസ്തകങ്ങള്‍ വായിക്കാന്‍ പാടില്ലെന്ന ഒരു അലിഖിത നിയമം ഞങ്ങളുടെ അച്ഛനമ്മമ്മാര്‍ ഞങ്ങളോട് ഒരു നൂറാവര്‍ത്തി ചൊല്ലി പഠിപ്പിച്ചത് കൊണ്ട് ആ ഒരു കാലത്തുള്ള സ്വാതന്ത്രത്തിന്റെ പ്രക്യാപനം തന്നെ ആയിരുന്നു ഞങ്ങള്‍ കുട്ടികള്‍ നടത്തിയിരുന്നത് , വിജയദശമി ദിനത്തില്‍ പുസ്തകം തിരിച്ചു കൊടുക്കുമ്പോള്‍ അരി പൊരിയും,ചോള പൊരിയും,കല്‍കണ്ടവും,ശര്‍ക്കരയും,ചെറു പഴവും,തെച്ചിപൂവും ഒക്കെ ചേര്‍ത്തുള്ള നല്ല ഒരു പ്രസാദവും ഒക്കെ ഞങ്ങള്‍ ഭക്തര്‍ക്ക്‌ നല്‍കുമായിരുന്നു , ഇപ്പോള്‍ ഞങ്ങള്‍ ഭക്തിയുടെയും വിഭക്തിയുടെയും ഒക്കെ വലിയ ലോകങ്ങളിലേക്ക് മാറ്റപ്പെട്ടെങ്കിലും, നന്മയുടെ ആ കുട്ടികാലം ഇപ്പോഴും എപ്പോഴും ഒരു നനുത്ത ഓര്‍മയായി ഓരോ നവരാത്രി നാളിലും എന്നില്‍ പുനര്‍ജനിതേടാറുണ്ട്.........

No comments:

Post a Comment